01-07-2011 മുതല്‍ നഗരാതിര്‍ത്തിയില്‍ പ്ലാസ്റ്റിക്ക് നിരോധനം

തൃശൂരിന്റെ ആരോഗ്യചരിത്രത്തില്‍ ഒരു നാഴികകല്ലാവുന്ന തീരുമാനമാണ് 01-07-2011 മുതല്‍ നഗരാതിര്‍ത്തിയിലെ പ്ലാസ്റ്റിക്ക് നിരോധനം. 40 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും, വിപണനവും നഗരാതിര്‍ത്തിയില്‍ പൂര്‍ണ്ണമായും നിരോധിച്ചു. പ്ലാസ്റ്റിക്ക് കവറുകള്‍ക്ക് പകരം തുണി, കടലാസ്സ് എന്നിവയില്‍ തീര്‍ത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് ബഹുജനപങ്കാളിത്തത്തോടെ നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭ ഉദ്ദേശിക്കുന്നു. നിരവധി വ്യാപാരികളും, ക്ഷേമസംഘടനകളും ഈ ദൌത്യത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. നിരവധി സംഘടനകളും, സ്ഥാപനങ്ങളും സൌജന്യമായി തുണി, കടലാസ്സ് കവറുകള്‍ വിതരണം ചെയ്തു തുടങ്ങിയത് പൊതുജനാരോഗ്യ കാര്യത്തില്‍ ഇവര്‍ക്കുള്ള ജാഗ്രത തെളിയിക്കുന്നതാണ്. ഖരമാലിന്യ സംസ്ക്കരണത്തില്‍ കീറാമുട്ടിയായി നിന്നിരുന്നത് ഇത്തരം പ്ലാസ്റ്റിക്ക് വസ്തുക്കളാണ്. പ്ലാസ്റ്റിക്ക് നിരോധനത്തോടെ ശുചീകരണ മേഖലയിലും മാറ്റം ഉണ്ടാകും. വീടുകളിലെ ജൈവമാലിന്യങ്ങള്‍, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ എന്നിവ വേര്‍തിരിച്ച് ശേഖരിക്കുന്നതിനും, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പുനരുപയോഗ മേഖലകളിലേക്ക് മാറ്റുന്നതിനും ഉള്ള നടപടികള്‍ നഗരസഭ സ്വീകരിച്ചുവരുന്നു. ഇതിനായി പ്ലാസ്റ്റിക്ക് വസ്തുക്കള്‍ പൊടിക്കുന്ന യന്ത്രങ്ങള്‍ വാങ്ങിയിട്ടുണ്ട്. റോഡ് ടാറിംഗില്‍ പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ചുരുക്കത്തില്‍ പൊതുജനാരോഗ്യരംഗത്തും, ശുചീകരണരംഗത്തും കാതലായ മാറ്റങ്ങള്‍ നഗരസഭാതിര്‍ത്തിയില്‍ പ്രതീക്ഷിക്കാം.